ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതം; കേരളത്തില്‍ കാണാത്ത ക്രൈം, അന്ന് പിടികൂടിയില്ലെങ്കില്‍ പിന്നെ ദുഷ്‌കരമായേനെ: എല്ലാവര്‍ക്കും നന്ദിയെന്ന് എഡിജിപി

google news
oi

chungath new advt

കൊച്ചി: ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍. കേരള സമൂഹമനസാക്ഷിയെ ഞെട്ടിച്ച കേസാണിത്. കേസിന്റെ അന്വേഷണം മുതല്‍ എല്ലാഘട്ടത്തിലും സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും എഡിജിപി പ്രതികരിച്ചു. 

കേരളത്തില്‍ കാണാത്ത ക്രൈം ആണ് ആലുവയില്‍ നടന്നത്. ഈ കേസിലെ ഇരയും പ്രതിയും അന്യസംസ്ഥാനക്കാരാണ്. കേസില്‍ ആദ്യം മുതലേ തന്നെ പൊലീസ് വളരെ ഭംഗിയായിട്ടാണ് അന്വേഷിച്ചത്. ആറു മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു.

ഇയാളെ അപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് ഇയാളെ കണ്ടെത്തുക വളരെ ദുഷ്‌കരമായേനെയെന്ന് എഡിജിപി പറഞ്ഞു. ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ നാട്ടുകാരും അലര്‍ട്ടായി. അന്വേഷണത്തില്‍ നാട്ടുകാരും വളരെ നല്ല രീതിയില്‍ പൊലീസിനെ സഹായിച്ചു. പ്രതികളെ പിടികൂടിയ പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ മഞ്ജുദാസ്, എസ്‌ഐ ശ്രീലാല്‍ തുടങ്ങി എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിക്കുന്നു.

വിചാരണ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും, പ്രോസിക്യൂഷന്‍ സാക്ഷികള്‍, മാധ്യമപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി പറയുന്നു. കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി മോഹന്‍രാജിനെ നിയമിക്കുന്നത്.

read also നരാധമന് വധശിക്ഷ; ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന് നീതി; അസഫാക് ആലത്തിന് തൂക്കുകയര്‍

മറ്റെല്ലാ ജോലികളും മാറ്റിവെച്ച് അദ്ദേഹം കൊച്ചിയില്‍ താമസിച്ചാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. വളരെ വേഗത്തില്‍ വിധി പ്രസ്താവിക്കാന്‍ കോടതിയും വളരെ നല്ല നിലയില്‍ സഹകരിച്ചു. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുകയും 60 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കുകയും 100-ാം ദിവസം പ്രതി കുറ്റക്കാരനെന്ന് വിധിക്കുകയും ചെയ്തിരുന്നു.

പ്രതി അസഫാക് ആലം മുമ്പും ഇത്തരത്തിലുള്ള കേസുകള്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ബിഹാറിലും ഡല്‍ഹിയിലും അടക്കം ഇയാള്‍ ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ട്.ഇയാളുടെ ബേസിക് നേച്ചറാണ്. ഇയാള്‍ പെഡോഫൈല്‍ ആയിട്ടാണ് മനസ്സിലാക്കുന്നത്.

ഇത്തരത്തിലുള്ള വ്യക്തികള്‍ കേസില്‍ പെടുമ്പോള്‍ തന്നെ ഐഡന്റിഫൈ ചെയ്യാനും, അവരുടെ ട്രാവല്‍ മൂവ്‌മെന്റുകള്‍ ട്രാക്ക് ചെയ്യാനും നോട്ടിഫൈ ചെയ്യാനുമുള്ള സിസ്റ്റം കൂടി രാജ്യത്ത് ഡെവലപ്പ് ചെയ്യേണ്ടതുണ്ട്. കേസില്‍ വിജയകരമായി പ്രോസിക്യൂഷന്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുകയാണെന്നും എംആര്‍ അജിത് കുമാര്‍ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags