ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; വീട്ടുകാരെ പേടിപ്പിക്കാന്‍ സ്വയം ചെയ്തതെന്ന് മൊഴി

ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; വീട്ടുകാരെ പേടിപ്പിക്കാന്‍ സ്വയം ചെയ്തതെന്ന് മൊഴി
 

പാലക്കാട്: പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. സ്‌കൂളിന്‍റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ സ്വയം കൈകള്‍ കെട്ടിയിടുകയായിരുന്നെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. വീട്ടുകാരെ പേടിപ്പിക്കാനാണ് ഇത് ചെയ്‍തതെന്നാണ് പെണ്‍കുട്ടിയുടെ വിശദീകരണം. 

അലനല്ലൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. 4.45 വരെ സ്‌പെഷ്യൽ ക്‌ളാസിൽ പങ്കെടുത്തിരുന്ന കുട്ടിയെ ഇതിന് ശേഷമാണ് കാണാതായത്. വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി. തുടര്‍ന്ന് നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കൈകള്‍ കെട്ടയിട്ട നിലയിലായിരുന്നു വിദ്യാര്‍ത്ഥിനി. മൊബൈല്‍ ഫോണ്‍ തരുമോയെന്ന് പെണ്‍കുട്ടി ചോദിച്ചെങ്കിലും വീട്ടുകാര്‍ നല്‍കിയിരുന്നില്ല. ഇതോടെ വീട്ടുകാരോട് പിണങ്ങിയാണ് രാവിലെ സൂകളിലേക്ക് കുട്ടി ഇറങ്ങിയത്. 

കയ്യിലുള്ള പണത്തിനായി രണ്ട് പേര്‍ ചേര്‍ന്ന് തന്നെ കെട്ടിയിടുകയായിരുന്നെന്നാണ് പെണ്‍കുട്ടി ആദ്യം കൊടുത്ത മൊഴി. എന്നാല്‍ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ പാടുകളുണ്ടായിരുന്നില്ല. മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസ് തുടക്കത്തിലേ സംശയിച്ചിരുന്നു .പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ആരാഞ്ഞപ്പോഴാണ് സ്വയം കൈകള്‍ കെട്ടിയിട്ടതാണെന്ന് പെണ്‍കുട്ടി പറഞ്ഞത്.