തലശ്ശേരി പുന്നോലിലെ സി.പി.എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള പ്രതി പിടിയിൽ

xx

കണ്ണൂർ: തലശ്ശേരി പുന്നോലിലെ സി.പി.എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള പ്രതി പിടിയിൽ. ആർ.എസ്.എസ് തലശ്ശേരി ഗണ്ട് കാര്യവാഹക് പുന്നോൽ ചെള്ളത്ത് മടപ്പുരക്ക് സമീപം പാറക്കണ്ടിവീട്ടിൽ നിജിൻ ദാസിനെ (38) ആണ് ന്യൂ മാഹി പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ചെ 3.30 ന് പിണറായി പാണ്ട്യാല മുക്കിലുള്ള വീട്ടിൽ വെച്ചാണ് പ്രതി പിടിയിലായത്. ന്യൂ മാഹി എസ്.ഐമാരായ വിപിൻ, അനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പിണറായി പൊലീസി​ൻറെയും സ്ട്രൈക്കർ ഫോഴ്സി​ൻറെയും സഹായം തേടിയിരുന്നു.

ഇയാൾ ഗൂഢാലോചനക്കേസിൽ പ്രതിയാണ്. ന്യൂ മാഹി സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കും.

അതേസമയം, സി.പി.എം ശക്തികേന്ദ്രത്തിലാണ് ആരുമറിയാതെ ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നത് പാർട്ടി പ്രവർത്തകരെയും നേതൃത്വത്തെയും ഞെട്ടിച്ചു.

സി.പി.എം പ്രവർത്തകനായ ഹരിദാസനെ ഫെബ്രുവരി 21ന്‌ പുലർച്ചെയാണ്‌ ആർ.എസ്‌.എസ്‌-ബി.ജെ.പി സംഘം വീട്ടുമുറ്റത്ത് കൊലപ്പെടുത്തിയത്‌.