എകെജി സെന്റർ ആക്രമണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

11
എകെജി സെൻ്ററിലേക്ക് പടക്കം എറിഞ്ഞതിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആക്രമണം നടന്ന് 23 ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുന്നതായി സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്. ജൂൺ 30 രാത്രി 11.30ന് സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബൈക്കിലിലെത്തിയ ആക്രമി സ്‌ഫോടക വസ്തു എറിയുന്നു. പിന്നാലെ അത് രാഷ്ട്രീയ ബോംബായി മാറി. കോൺഗ്രസിന് മേൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തന്നെ പഴി ചാരി. കള്ളൻ കപ്പലിൽ തന്നെയെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. 24 മണിക്കൂർ തികയും മുൻപ് കേസന്വേഷിക്കാൻ 12 അംഗ പ്രത്യേക സംഘം. ക്രമസമാധാനപാലനത്തിലും, കുറ്റാന്വേഷണ മികവിൽ പേരു കേട്ട തലസ്ഥാനത്തെ പൊലീസ് 23 ദിവസം തലകുത്തി നിന്നിട്ടും അക്രമി ആരെന്നു പോലും കണ്ടെത്താൻ ഇത് വരെയും കഴിഞ്ഞില്ല.

ആദ്യം സി.സി.ടി.വി കേന്ദ്രീകരിച്ചു അന്വേഷണം. എകെജി സെന്റർ മുതൽ കുന്നുകുഴി വരെയുള്ള 75ലധികം സി.സി.ടി.വികൾ പരിശോധിച്ചു. അക്രമിയുടെ മുഖമോ,സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പർ പ്ളേറ്റോ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതോടെ സി.സി.ടി.വി പ്രതീക്ഷകൾ അവസാനിച്ചു. എകെജി സെന്ററിന് നേരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർത്തിയ ആളുകളെ കേന്ദ്രീകരിച്ചായി പിന്നീട് അന്വേഷണം. പക്ഷേ സാഹചര്യ തെളിവുകൾ ഇല്ലാത്തതിനാൽ കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചു. പിന്നാലെ അക്രമി സഞ്ചരിച്ച സ്‌കൂട്ടറിന്റെ മോഡൽ. സംശയാസ്പദമായി ഡിയോ സ്‌കൂട്ടർ ഉള്ളവരെ ചുറ്റിപ്പറ്റി അന്വേഷണം. എന്നാൽ ആ സാധ്യതയും അടഞ്ഞു. അതിനിടെ സ്‌ഫോടക വസ്തു ബോംബല്ലെന്നും ഏറു പടക്കം പോലുള്ള വീര്യം കുറഞ്ഞതാണെന്നുമുള്ള ഫോറൻസിക് റിപ്പോർട് പുറത്തു വന്നു. അതോടെ തലസ്ഥാന ജില്ലയിലെ പടക്ക നിർമ്മാണ ശാലകൾ പൊലീസ് കയറിയിറങ്ങി. പക്ഷേ തുരുമ്പിനു പോലും തുമ്പ് കിട്ടിയില്ല. ഒടുവിൽ എകെജി സെന്റർ പരിസരത്തെ മൊബൈൽ ടവർ പരിധിയിൽ സംഭവ സമയമുണ്ടായിരുന്ന ആളുകളിലേക്ക് അന്വേഷണം എത്തി. എന്നാൽ ഇതും എവിടെയുമെത്തിയില്ല.