ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും നടനുമായ ദിലീപ് സുപ്രീം കോടതിയില്‍. വെള്ളിയാഴ്ച വൈകിട്ടാണ് സുപ്രീം കോടതിയില്‍ ദിലീപ് അപേക്ഷ സമർപ്പിച്ചത്.
തുടർ അന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെടുന്നു. അപേക്ഷയിൽ അതിജീവിതയ്ക്കും മുൻ ഭാര്യക്കുമെതിരെ ദിലീപ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ ഒരു വിഭാഗത്തിന് വ്യക്തിപരമായും തൊഴില്‍പരമായും എതിര്‍പ്പുള്ളതിനാല്‍ തന്നെ ഈ കേസില്‍പ്പെടുത്തിയതാണെന്നും ദിലീപ് ആരോപിക്കുന്നു. അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളും അപേക്ഷയിൽ പരാമർശിക്കുന്നുണ്ട്. മുൻ ഭാര്യയ്ക്ക് ഡിജിപിയുമായുള്ള ബന്ധമാണ് കേസിനാധാരമെന്നാണ് ദിലീപിന്റെ വാദം.
കേസിൽ തുടരന്വേഷണ സാധ്യത തുറന്നിട്ടുകൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം. തെളിവ് നശിപ്പിച്ച സംഭവത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിലീപിന്‍റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂർത്തിയാകില്ലെനായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.
അങ്കമാലി മജിസ്ടേറ്റ് കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയപ്പോൾ അഭിഭാഷകർ പ്രതിപട്ടികയിലോ സാക്ഷിപട്ടികയിലോ ഉണ്ടായിരുന്നില്ല. എന്നാൽ, അഭിഭാഷകർക്ക് ക്ലീൻചിറ്റ് നൽകിയല്ലെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ അന്വേഷണം തുടരുമെന്നാണ് കുറ്റപത്രം പറയുന്നത്. ഹാക്കർ സായ് ശങ്കറിന്‍റെ മൊഴിയിൽ അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് ഫോണുകളിലെ തെളിവ് നീക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 4 അഭിഭാഷകർ ഫോണുമായി മുംബൈയിലേക്ക് പോയതിനും തെളിവുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് കുറ്റപത്രം പറയുന്നു.