നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന്റെ സുഹൃത്തായ വൈദികന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ സുഹൃത്തായ വൈദികന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.

നടൻ ദിലീപിന്റെ വീട്ടില്‍ ബാലചന്ദ്രകുമാറിനൊപ്പം പല ആവശ്യങ്ങള്‍ക്കായി പോയിട്ടുണ്ടെന്ന് വൈദികന്‍ വിക്ടര്‍ പറഞ്ഞു. പണം ആവശ്യപ്പെടാനല്ല പോയതെന്നും വൈദികന്‍ വ്യക്തമാക്കി.

ജയിലില്‍ കഴിയുമ്പോള്‍ ബാലചന്ദ്രകുമാര്‍ അവിടെയെത്തുകയും ജാമ്യം ലഭിക്കുന്നതിന് നെയ്യാറ്റിന്‍കര ബിഷപ്പുമായി ബന്ധപ്പെടാമെന്നും പറഞ്ഞിരുന്നു എന്നായിരുന്നു ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

ജാമ്യം ലഭിച്ച ശേഷം ബാലചന്ദ്രകുമാറിനൊപ്പം വൈദികനായ വിക്ടറും വീട്ടിലെത്തി. ജാമ്യം ലഭിക്കാന്‍ സഹായിച്ചത് ബിഷപ്പാണെന്നും അതിന് പണം വേണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടതെന്നും ദിലീപ് ആരോപിച്ചിരുന്നു.

ഇതേ തുടർന്നാണ് ക്രൈംബ്രാഞ്ച് വൈദികനെ ചോദ്യം ചെയ്യുന്നത്.