നടിയെ ആക്രമിച്ച കേസ് ;ഹണി വർഗീസിനെ വിശ്വാസമില്ലെന്ന് അതിജീവിത

honey
 

നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജി ഹണി വർഗീസിനെതിരെ അതിജീവിത. ജഡ്ജി ഹണി വർഗീസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച കത്തിൽ അതിജീവിത പറഞ്ഞു. സിബിഐ കോടതിയിൽ നടക്കുന്ന വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും വനിത ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നില്ലെന്നും അതിജീവിതയുടെ  കത്തിൽ പറയുന്നു.ജഡ്ജി ഹണി വർഗീസിനെതിരെ നേരെത്തെയും അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. പക്ഷപാതപരമായ നിലപാടാണ് ഹണി വർഗീസിന്റെതെന്നാണ് ആരോപണം. 

 സി.ബി.ഐ കോടതിയിൽ നിന്ന് കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം ഇത് അനുവദിക്കരുതെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് സിബിഐ കോടതിയിൽ തുടരട്ടെയെന്നും വനിത ജഡ്ജി തന്നെ പരിഗണിക്കണമെന്നില്ലെന്നും അതിജീവിത പറയുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി വർഗീസിന് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സി.ബി.ഐ കോടതിയുടെ ചുമതല നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സി.ബി.ഐ കോടതിയുടെ അധിക ചുമതലയിൽ നിന്ന് ഹണി വർഗീസിനെ മാറ്റി. ഇതോടെ സിബിഐ കോടതിയിലുള്ള നടിയെ ആക്രമിച്ച കേസ് പരിഗണിയ്ക്കാൻ സാങ്കേതികമായി ഹണി വർഗീസിന് സാധിക്കില്ല. 

അതിജീവിതയുടെ ആവശ്യപ്രകാരമാണ് നേരത്തെ വനിത ജഡ്ജിയെ നിയമിച്ചത്. കേസിൽ ഇനിയും 108ൽപരം സാക്ഷികളെ വിസ്തരിക്കാനുണ്ട്.