ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള പ്രവേശനം തുടരുന്നു

hse
സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള പ്രവേശനം തുടരുന്നു. ഇന്നലെ രാത്രി പ്രസിദ്ധീകരിച്ച അലോട്ട്‌മെന്റ് പട്ടിക അനുസരിച്ചാണ് പ്രവേശനം തുടരുന്നത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല.ഓഗസ്റ്റ് 10നകം ആദ്യഅലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം നേടണം.

രാവിലെ പത്ത് മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിനായി സ്‌കൂളുകളിലെത്തി.സ്‌കൂളുകളില്‍ എന്‍എസ്എസ് അടക്കമുളള വിഭാഗങ്ങളുടെ ഹെല്‍പ്പ്‌ഡെസ്‌കുകള്‍ സജ്ജീകരിച്ചാണ് പ്രവേശനം നടത്തുന്നത്. അലോട്ട്‌മെന്റും രേഖകളും പരിശോധിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. എസ്എസ്എല്‍സി, സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചിട്ടുണ്ട്.

ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസ് അടച്ച് പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശമോ സ്ഥിരം പ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ഹയര്‍ ഓപ്ഷന്‍ റദ്ദാക്കാനുള്ള അവസരമുണ്ട്. 

അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്നവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷ സമര്‍പ്പിക്കാം.