ആഫ്രിക്കന്‍ പന്നിപ്പനി ഭീതി; രോഗം കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കാൻ തീരുമാനം

g
 

കൽപ്പറ്റ : വയനാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി.

വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മൂന്നോറോളം പന്നികളുണ്ട്. ഇവയെ ഉടൻ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്‍റെ തീരുമാനം. ഇതിനായി വിദഗ്ധ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. രണ്ട് ദിവസത്തിനുള്ളിൽ പന്നികളെ കൊന്നൊടുക്കും. വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുക. പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.