അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കേരളത്തിലും, ഓൺലെെൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് ഒന്ന് മുതൽ

6
ഹ്രസ്വകാല സൈനിക സേവനത്തിന് താൽപര്യമുള്ളവർക്കായി നടത്തുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കേരളത്തിലും. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നവംബർ 15 മുതൽ 30 വരെയാകും റിക്രൂട്ട്മെന്റ് റാലി നടക്കുക. ഇതിനായുള്ള ഓൺലെെൻ രജിസ്ട്രേഷൻ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. ഓഗസ്റ്റ് 30 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള യുവാക്കൾക്കാണ് അവസരം. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. 

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ പത്താംക്ലാസ് പാസായിരിക്കണം. അഗ്നിവീർ കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ എട്ടാം ക്ലാസ് യോഗ്യത മതിയാകും.രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ ഒന്ന് മുതൽ 10 വരെ അപേക്ഷകരുടെ ഇമെയിലിലേക്ക് അയക്കും. അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് കൊല്ലത്ത് റാലി സംഘടിപ്പിക്കുന്നത്.