'നാളെ അവധി, എന്നുകരുതി വെള്ളത്തിൽചാടാനോ ചൂണ്ടയിടാനോ പോകരുത്'; വിദ്യാർഥികൾക്ക് ഉപദേശവുമായി ആലപ്പുഴ ജില്ലാ കലക്ടർ

Alappuzha district collector VR Krishna Tejas announces holidays for schools
 

ആലപ്പുഴ: കളക്ടറായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ആദ്യ ഉത്തരവ് പുറപ്പെടുവിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടാണ് കളക്ടറുടെ ഉത്തരവ്. എന്നാല്‍, അവധി പ്രഖ്യാപിച്ചതിനൊപ്പം വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകരുതെന്നാണ് സ്‌നേഹത്തോടെയുള്ള കളക്ടറുടെ നിര്‍ദേശം.

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടുദിസവം തുടർച്ചയായി അവധി പ്രഖ്യാപിച്ചിരുന്നു.' അവധിയാണെന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ..വീട്ടിൽ സുരക്ഷിതമായി ഇരിക്കണം തുടങ്ങിയ ഉപദേശങ്ങളാണ് കലക്ടർ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറിച്ചത്. 
  
ആലപ്പുഴയിൽ മുമ്പ് സബ് കലക്ടറായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് കൃഷ്ണ തേജ.  

കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

പ്രിയ കുട്ടികളെ,

ഞാൻ ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ.

എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങൾടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്.

നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാൻ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം. അച്ചൻ അമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.

കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങൾ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...

സനേഹത്തോടെ...