വിസി നിയമനം യുജിസി ചട്ടപ്രകാരമല്ല; കുഫോസ് വിസിക്കെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

highcourt
 

കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വകലാശാല വിസി നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വൈസ് ചാന്‍സലറായി ഡോ റിജി ജോണിനെ നിയമിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് വിധി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക.

വിസിയെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നും  നിയമനം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശികളാണ് കോടതിയെ സമീപിച്ചത്. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സര്‍വകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നും റിജി ജോണിന് ഈ യോഗ്യതയില്ലെന്നുമാണ് ഡോ. കെ.കെ. വിജയന്‍, ഡോ. സദാശിവന്‍ എന്നിവരുടെ ഹര്‍ജിയില്‍ ആരോപിക്കുന്നത്.തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തുകയായിരുന്നു ഡോ റിജി.