ആറന്മുള ഉതൃട്ടാതി ജലമേളക്ക് നാളെ തുടക്കമാകും

google news
aramula
 


ആറന്മുള ഉതൃട്ടാതി ജലമേള നാളെ രാവിലെ 10 ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ്അയ്യര്‍ പതാക ഉയര്‍ത്തി  തുടക്കം കുറിക്കും. കേന്ദ്ര ടൂറിസം വകുപ്പുമന്ത്രി ജി കിഷന്‍ റെഡ്ഡി മുഖ്യാതിഥിയാകും. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ചടങ്ങില്‍ പ്രത്യേക അതിഥിയായി ചടങ്ങിനെത്തും. മത്സരവള്ളംകളി സംസ്ഥാന ടൂറിസം- പൊതുമരാമത്ത്  വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്കാണ് വള്ളംകളി. 

വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാനധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. തിരുവല്ലശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിര്‍വിണ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണംനടത്തും. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പള്ളിയോടശില്‍പികളെ ആദരിക്കും. രാമപുരത്ത് വാര്യര്‍ പുരസ്‌കാരം സംസ്ഥാന സാംസ്‌കാരികമന്ത്രി വി. എന്‍. വാസവന്‍ സമ്മാനിക്കും. പള്ളിയോട സേവാസംഘത്തിന്റെകാര്‍ഷിക പദ്ധതികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നടത്തും. ആന്റോ ആന്റണി എംപി പാഞ്ചജന്യം സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. 

കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 50 പള്ളിയോടങ്ങള്‍ ജലഘോഷയാത്രയില്‍ അണിനിരക്കും. ഫിനിഷിംഗ് പോയിന്റായ സത്രകടവില്‍ നിന്നും നിക്ഷേപ മാലിയിലേക്കാണ് ഘോഷയാത്ര. നാല് വീതം പള്ളിയോടങ്ങള്‍ വള്ളപ്പാട്ട് പാടി തുഴഞ്ഞ്‌നീങ്ങുന്ന രീതിയിലാണ് ക്രമീകരണം. എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തില്‍ 34 ഉം ബി ബാച്ചില്‍ 16 ഉം ചേര്‍ന്ന് 50 പള്ളിയോടങ്ങളാണ് ഇക്കുറി വള്ളംകളിയില്‍ മത്സരിക്കുക. കാട്ടൂര്‍,  കടപ്ര എന്നീ പള്ളിയോടങ്ങള്‍ പുനര്‍നിര്‍മ്മാണത്തിലായതിനാല്‍ ഇത്തവണ പങ്കെടുക്കുന്നില്ല. ആറന്മുളയുടെ തനതായ ശൈലിയില്‍ വഞ്ചിപ്പാട്ട് പാടി തുഴയുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

മത്സര വള്ളംകളിയില്‍ വിജയിക്കുന്ന എ, ബി ബാച്ച് പള്ളിയോടങ്ങള്‍ക്ക് എന്‍എസ്എസ് നല്‍കുന്ന മന്നം ട്രോഫി ലഭിക്കും. കൂടാതെ അന്‍പതിനായിരം രൂപ വീതം ക്യാഷ് പ്രൈസും വിജയികള്‍ക്ക് ലഭിക്കും. മന്നം ട്രോഫിക്ക് പുറമേ ചമയം, വിവിധസ്ഥാനങ്ങള്‍, ലൂസേഴ്‌സ് ഫൈനല്‍ എന്നിവ ഉള്‍പ്പെടെ 24 ട്രോഫികള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 

Tags