ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ ബിജെപി; മുഖ്യമന്ത്രിക്ക് പരാതി നല്കി

തിരുവനന്തപുരം: ഗുജറാത്ത് കലാപം പ്രമേയമാക്കിയ ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മുഖ്യമന്ത്രിക്ക് പരാതി നല്കി. ഡോക്യുമെന്ററി പ്രദര്‍ശനം അനുവദിക്കില്ലെന്ന് ബിജെപി അറിയിച്ചു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി.
ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് യുവമോര്‍ച്ചയും അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണയാണ് ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. അതിനിടെ, തിരുവനന്തപുരത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും പറഞ്ഞു.
അതേസമയം, ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല. കണ്ണൂര്‍ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാര്‍ ഹാളില്‍ വച്ച് പ്രദര്‍ശനം നടത്താനായിരുന്നു എസ്എഫ്ഐ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗിക പരിപാടികള്‍ മാത്രമാണ് സെമിനാര്‍ ഹാളില്‍ നടത്താറുള്ളതെന്നും ക്യാമ്പസില്‍ എവിടെയും പ്രദര്‍ശനം അനുവദിക്കില്ലെന്നും സര്‍വ്വകലാശാല ഡയറക്ടര്‍ അറിയിച്ചു.