അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണം ; ജില്ലാ പൊലീസ് മേധാവിമാർക്ക് ജാഗ്രത നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി

anikanth
 

 സംസ്ഥാനത്ത് മഴക്കെടുതിയുടെ സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവിമാർ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.എഡിജിപി എം ആർ അജിത്തിനെ സേനാവിന്യാസത്തിന്‍റെ നോഡൽ ഓഫീസറാക്കി നിയമിച്ചു.  അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സേന സജ്ജമാകണമെന്നും  112 കൺട്രോൾ റൂമിലേക്ക് വരുന്ന കോളുകളിൽ അടിയന്തര നടപടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. 

അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവിമാര്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ജെ സി ബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ എല്ലാ പൊലീസ് സ്റ്റേഷനുകളിലും തയ്യാറാക്കി വെയ്ക്കും. തീരപ്രദേശങ്ങളില്‍ സുരക്ഷാ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പോലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എമര്‍ജന്‍സി റെസ്പോണ്‍സ് നമ്പരായ 112 ലേയ്ക്ക് വരുന്ന എല്ലാ കോളുകളും 24 മണിക്കൂറും അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യും. 

  പൊലീസ് വിന്യാസത്തിന്‍റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി എം ആര്‍ അജിത്കുമാറിനെയും  ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ് സാക്കറെയെയും നിയോഗിച്ചിട്ടുണ്ട്   
മണ്ണിടിച്ചില്‍ പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാനിടയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. അവശ്യഘട്ടങ്ങളില്‍ പൊലീസിന്‍റെ എല്ലാ വിഭാഗങ്ങളുടെയും സേവനം  പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ യൂണിറ്റ് മേധാവിമാര്‍ നടപടി സ്വീകരിക്കും.