പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക; രാഹുൽ ഗാന്ധിയുടെ യാത്രയെ ആക്ഷേപിച്ച് മന്ത്രി വി. ശിവൻകുട്ടി

v sivankutty
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ആക്ഷേപിച്ച് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുകയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. സംഭവത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. 

ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ കളിയാക്കിയുള്ള പോസ്റ്റ്. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് നടത്തുന്ന യാത്രയെ വിമര്ശിക്കുന്നതിലും പരിഹസിക്കുന്നതിലും ബിജെപിക്കൊപ്പം സിപിഎമ്മും അണിനിരക്കുന്നതാണ് പുതിയ കാഴ്ച. 

അതേ സമയം പോസ്റ്റിന് അടിയില്‍ ഇടത് അണികളും കോണ്‍ഗ്രസ് അണികളും തമ്മില്‍ വാക്പോര് നടക്കുകയാണ്. ശിവന്‍കുട്ടിയുടെ പോസ്റ്റിനെ പ്രതിരോധിച്ച് ഇടത് അണികളുടെ കമന്‍റുകളും പോസ്റ്റിന് അടിയില്‍ ഉണ്ട്. 

അതേസമയം  ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയവരുടെ പോക്കറ്റടിച്ചു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. രാഹുൽ ഗാന്ധിയെ കാണാൻ കാത്തു നിൽക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. സംഭവത്തിൽ നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. നാലംഗ സംഘത്തെ കുറിച്ച് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങളും എത്തിക്കഴിഞ്ഞു.