കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; 1800 കോഴികൾ ചത്തു

bird flu
 

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികൾ ചത്തു.
 
കേന്ദ്ര കര്‍മ്മ പദ്ധതി അനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ അടിയന്തരമായി കൈകൊള്ളാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചാത്തമംഗലം പ്രാദേശിക കോഴി വളർത്തുകേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 5000ലേറെ കോഴികളാണ് ഫാമിലുണ്ടായിരുന്നത്. ജനുവരി ആറു മുതലാണ് പാരന്‍റ് സ്റ്റോക്ക് കോഴികളിൽ മരണം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇതോടെ ചത്ത കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനയ്ക്ക് അയച്ചു. ഇവയില്‍ ന്യൂമോണിയയുടെ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് അന്നുതന്നെ മരുന്നുകൾ നൽകുകയും ചെയ്തിരുന്നു.

എന്നാൽ, തുടര്‍ന്നും വ്യാപകമായി കോഴികള്‍ ചത്തൊടുങ്ങിയതോടെ കണ്ണൂർ ആർ.ഡി.ഡി.എൽ, തിരുവല്ല എ.ഡി.ഡി.എൽ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അധിക പരിശോധനകൾ നടത്തി. പ്രാഥമിക ടെസ്റ്റുകളിൽ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാൽ കൃത്യമായ രോഗനിർണ്ണയം നടത്തുന്നതിന് സാംപിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് വിമാനമാർഗം അയയ്ക്കുകയായിരുന്നു. ഇതിന്‍റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോഴികള്‍ക്ക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.