കോവളത്ത് പാരാസെയിലിംഗിനിടെ ബോട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടി; ബലൂണുമായി വിനോദസഞ്ചാരി നേരെ കടലിലേക്ക്

kovalam beach parasailing
 

തിരുവനന്തപുരം: പാരാസെയിലിംഗിനിടെ ബോട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തെ തുടര്‍ന്ന് വിനോദസഞ്ചാരി പാരാസെയിലിംഗ് ബലൂണുമായി കടലില്‍ പതിച്ചു. ബോട്ടിലുണ്ടായിരുന്നവര്‍ ഇയാളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. 

കഴിഞ്ഞദിവസം കോവളം ബീച്ചിലാണ് സംഭവം നടന്നത്. കടലില്‍ വിനോദസഞ്ചാരിയുമായി പാരാസെയിലിംഗ് നടത്തിക്കൊണ്ടിരുന്ന ബോട്ടും കരയില്‍ നിന്നും വിനോദ സഞ്ചാരികളെ എത്തിക്കുന്ന ബോട്ടുമാണ് അപ്രതീക്ഷിതമായി കൂട്ടിയിടിച്ചത്. 

ഇതിനിടെ നിയന്ത്രണം വിട്ട് ബലൂണും പാരാസെയിലിംഗ് നടത്തിക്കൊണ്ടിരുന്നയാളും കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ നടന്നത് അപകടമല്ലെന്നും ബോട്ടുകള്‍ തമ്മില്‍ തട്ടിയപ്പോള്‍ അപകടം ഒഴിവാക്കാന്‍ പാരാസെയിലര്‍ വാട്ടര്‍ലാന്റിംഗ് നടത്തിയതാണെന്നാണ് പാരാസെയിലിംഗ് നടത്തുന്ന കമ്പനി അധികൃതരുടെ വാദം.