കൊച്ചിയിൽ മരപ്പൊത്തിൽ 12 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം

sd

കൊച്ചി: കളമശ്ശേരിയിൽ മരത്തിന്‍റെ പൊത്തിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. കളമശ്ശേരി മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിന് താഴെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.  

പുഴയോട് ചേർന്ന് ചരിഞ്ഞ് കിടക്കുന്ന മരത്തിന്റെ പൊത്തിൽ ഒളിപ്പിച്ച നിലയിൽ നാട്ടുകാരാണ് വെടിയുണ്ടകൾ കണ്ടത്. റൈഫിളിലോ, പിസ്റ്റലിലോ ഉപയോഗിക്കാൻ കഴിയുന്ന പഴകിയ നിലയിലുള്ള 12 ഓളം വെടിയുണ്ടകളാണ് കണ്ടെത്തിയത്.

കളമശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെടിയുണ്ടകൾക്ക് കാലപ്പഴക്കം തോന്നിക്കുന്നതായി അധികൃതർ അറിയിച്ചു. വെടിയുണ്ടകള്‍ ഇവിടെ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. പഴകിയ ഉണ്ടകൾ ആരെങ്കിലും ഉപേക്ഷിക്കുന്നതിനായി സ്ഥലത്തു നിക്ഷേപിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.