നാല് ദിവസം അതിതീവ്രമഴ പെയ്താൽ പ്രതിസന്ധി; ജാഗ്രതാ നിർദേശം

rain
 

കൊച്ചി: തുടർച്ചയായി നാല് ദിവസം തീവ്രമഴ ഉണ്ടായാൽ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസാധാരണ മഴ തീവ്രമായി വരുന്നു. തെക്കൻജില്ലകളിലും മധ്യകേരളത്തിലും നാളെവരെ അതി തീവ്ര മഴയുണ്ടാകും. അണക്കെട്ടുകളിലെ ജല നിരപ്പിനെ കുറിച്ച് ആശങ്ക വേണ്ട. മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്ത് അഞ്ച് വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായി. മഴ വലിയതോതില്‍ ശക്തമാകുകയാണെന്നും അടുത്ത നാല് ദിവസം അതിതീവ്ര മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുകോടി വീതം ജില്ലകൾക്ക് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂം തുറക്കും. അടിയന്തര സാഹചര്യത്തിന് തയാറായിരിക്കാൻ എല്ലാ സ്റ്റേഷനും നിർദേശം നൽകിയിട്ടുണ്ട്. ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രോളിങ് അവസാനിച്ചെങ്കിലും മത്സ്യബന്ധത്തിന് പോകരുത്. മഴ തീവ്രമായി തുടരുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്നലെ വൈകിട്ട് മുതല്‍ തെക്കന്‍ കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ വരെ അതിതീവ്ര മഴ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കും. നാളെ കഴിഞ്ഞ് അത് വടക്കന്‍ കേരളത്തില്‍കൂടി വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 200 മില്ലീ മീറ്ററില്‍ അധികം മഴ പ്രതീക്ഷിക്കുന്നു. തുടര്‍ച്ചയായി നാല് ദിവസം ഇത്തരത്തില്‍ മഴ ലഭിച്ചാല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഇടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങള്‍ മുന്‍കൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ നാല് അധിക സംഘങ്ങളെക്കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ കോട്ടയം, എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകളില്‍ വിന്യസിക്കും. ജലസേനചന വകുപ്പിന്റെ 17 അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തുവിടുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.