'പി ജെ കുര്യൻ ഉന്നത നിലവാരമുളള ജനാധിപത്യ വാദി, സത്യം വിളിച്ചു പറയാൻ ആർജവമുള്ള നേതാവ്'; പുകഴ്ത്തി മുഖ്യമന്ത്രി

'പി ജെ കുര്യൻ ഉന്നത നിലവാരമുളള ജനാധിപത്യ വാദി, സത്യം വിളിച്ചു പറയാൻ ആർജവമുള്ള നേതാവ്'; പുകഴ്ത്തി മുഖ്യമന്ത്രി
 

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സത്യം വിളിച്ചു പറയാൻ ആർജവമുള്ള നേതാവാണ് കുര്യനെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.ജെ.കുര്യനെപ്പറ്റിയുള്ള പുസ്തകം പ്രകാശനം ചെയ്താണ് പരാമർശം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചടങ്ങിൽ പങ്കെടുത്തില്ല.

കുര്യന്റെ രാഷ്ട്രീയ ധീരത എടുത്തുപറയേണ്ടതാണ്. രാഹുൽ ഗാന്ധിയുടെ പ്രവർത്തനശൈലിയോടുള്ള തന്റെ വിയോജിപ്പ് ഒരു മറയുമില്ലാതെ പുസ്തകത്തിലെ അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ആർജവത്തെയാണ് കാണിക്കുന്നത്. ഉന്നതനിലവാരമുള്ള ജനാധിപത്യവാദിയാണ് അദ്ദേഹം. രാജ്യസഭാ സീറ്റ് നിഷേധിച്ചത് പാർട്ടിക്കുള്ളിലെ ഗൂഢാലോചനയെന്ന് പറയാൻ അദ്ദേഹം മടിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കുര്യന്റെ നിലപാടുകളിലെ ആർജ്ജവം വെളിപ്പെടുത്തി രമേശ് ചെന്നിത്തലയും കുറച്ചില്ല. ഒരു കാലഘട്ടത്തിൽ കേരളം ഒന്നടങ്കം വേട്ടയാടിയ നേതാവിനെ കുറിച്ചുള്ള പുസ്തക പ്രകാശനത്തിന് സാക്ഷിയാവാൻ തലസ്ഥാനത്ത് ഒത്തുകൂടിയത് കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക പരിച്ഛേദം. രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും ആശംസകൾ മുതൽ  പി.ജെ.കുര്യനെ തൊട്ടറിഞ്ഞ എൺപതിലേറെ ആളുകളുടെ ലേഖനങ്ങൾ അടങ്ങുന്ന താണ് പ്രൊഫ. പി.ജെ.കുര്യൻ: അനുഭവവും അനുമോദനവുമെന്ന പുസ്തകം. ഡിസി ബുക്ക‍്‍സാണ് പ്രസാധകർ.