കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം ലഭിക്കാൻ സര്‍ക്കാരിന്‍റെ ഇടപെടല്‍ വേണമെന്ന് സിപിഐ

karuvannur
 

തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സർക്കാർ ഇടപെടണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി. സർക്കാർ പ്രഖ്യാപനങ്ങളിൽ വ്യക്തത വേണം. ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം വന്നിട്ടും പ്രഖ്യാപനങ്ങൾ മാത്രം. നിക്ഷേപകരുടെ പണം തിരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിൽ വ്യക്തത വേണം. വിവിധ ആവശ്യങ്ങൾക്ക് നിക്ഷേപകർക്ക് പണം ലഭിക്കാൻ സർക്കാർ ഇടപെടൽ നടത്തണം. നിക്ഷേപകർക്ക് അലയേണ്ടുന്ന അവസ്ഥ ഉണ്ടാകരുതെന്നും സിപി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ഒന്നും പ്രായോഗികം ആകുന്നില്ലെന്നും മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു. ചികിത്സ, വിവാഹം, വിദ്യഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക്  പണത്തിനായി നിക്ഷേപകര്‍ അലയേണ്ടിവരുന്ന അവസ്ഥ ഉണ്ടാകാതിരിക്കുവാന്‍ സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ ഉണ്ടാകണം എന്നും സിപിഐ ആവശ്യപ്പെട്ടു.


അതേസമയം, കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ വയോധിക മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. കരുവന്നൂർ ബാങ്കിലെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്ക് നിക്ഷേപം സുരക്ഷിതമാക്കാൻ നിക്ഷേപ ഗാരണ്ടി ബോർഡ് പുന: സംഘടിപ്പിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. 

കരുവന്നൂർ സ്വദേശി ഫിലോമിനയാണ് പണം ഇല്ലാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ മരിച്ചത്. കരുവന്നൂർ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമുള്ള ആളായിരുന്നു ഫിലോമിന. ചികിൽസാ ആവശ്യത്തിന് നിക്ഷേപത്തിലെ പണം തിരികെ ആവശ്യപ്പെട്ട് പലതവണ ബാങ്കിനെ സമീപിച്ചപ്പോഴും വളരെ മോശം ഇടപെടലാണ് ഉണ്ടായതെന്ന് ഫിലോമിനയുടെ ഭർത്താവ് ആരോപിച്ചിരുന്നു.