സിപിഎമ്മും സർക്കാരും കേരളത്തിലെ ഒരു ഹിന്ദു ക്ഷേത്രവും കയ്യടക്കിയിട്ടില്ല; ഇന്ദു മല്‍ഹോത്രയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി

k radhakrishnan
 

തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ എല്‍ഡിഎഫ് ഗവണ്‍മെന്റോ ഒരു ഹിന്ദു ക്ഷേത്രവും കയ്യടക്കിയിട്ടില്ലെന്ന്  ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ കയ്യടക്കിയെന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീംകോടതി റിട്ടേര്‍ഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പരമാര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതും തെറ്റിദ്ധാരണയില്‍ നിന്നും ഉടലെടുത്തതുമാണെന്ന് മന്ത്രി പറഞ്ഞു.

ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിനും ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ നടത്തിയ പോരാട്ടങ്ങള്‍ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ ഇടതുപക്ഷ സര്‍ക്കാരുകള്‍ എല്ലാ വിഭാഗത്തിന്റേയും ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാര്‍ക്ക് വ്യവസ്ഥാപിത രീതിയില്‍ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്താണെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്ര വരുമാനം സര്‍ക്കാറുകള്‍ കൊണ്ടുപോകുന്നു എന്ന തീവ്രഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം ഉന്നത നീതിപീഠത്തില്‍ നിന്നും വിരമിച്ച ന്യായാധിപയേയും ഒരു പക്ഷേ സ്വാധീനിച്ചിട്ടുണ്ടാവാം. ഒരു ക്ഷേത്രത്തിന്റേയും വരുമാനം സര്‍ക്കാര്‍ ഇതുവരെ കൈയടക്കിയിട്ടില്ല. മറിച്ച് ദേവസ്വം ബോര്‍ഡുകളുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കിവരാറുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യമെന്നും മന്ത്രി പറഞ്ഞു.