പീഡന പരാതി: മലപ്പുറം നഗരസഭാംഗം ശശികുമാറിനെ സി.പി.എം സസ്പന്‍ഡ് ചെയ്തു

cpm
 

മലപ്പുറം: പീഡന പരാതിയെ തുടര്‍ന്ന് മലപ്പുറം നഗരസഭാംഗം കെ വി ശശികുമാറിനെ സി.പി.എമ്മിന്‍റെ  പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സി.പി.എം ജില്ലാ കമ്മറ്റിയുടേതാണ് നടപടി. മലപ്പുറം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗമാണ് കെ വി ശശികുമാർ.

ശശികുമാര്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ മാർച്ചിൽ വിരമിച്ചതിന് ശേഷം അധ്യാപക ജീവിതത്തെ കുറിച്ച് ശശികുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് താഴെയാണ് ആദ്യ ആരോപണം ഉയർന്നത്. തുടർന്ന് സമാന രീതിയിൽ അതിക്രമം നേരിട്ട വിദ്യാർഥിനികള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 
ലൈംഗികാതിക്രമം നേരിട്ട വിദ്യാർഥിനികൾ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.  പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.