ഇടുക്കിയിൽ സി.പി.എം പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു

google news
cpm
 

ഇടുക്കി: ഇടുക്കിയിൽ സി.പി.എം പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു. ശാന്തൻപാറ സ്വദേശികളായ പരമശിവൻ, മകൻ കുട്ടൻ എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതികൂട്ടി നടത്തിയ ആക്രമമെന്ന് സി പി എം ആരോപണം. 

ശാന്തൻപാറ സ്വദേശി വിമൽ, ബന്ധു അരവിന്ദൻ എന്നിവർ ഇന്നലെ രാത്രി 11 മണിയോടെ വീടുകയറി ആക്രമണം നടത്തിയതെന്നാണ് പിതാവിന്റെയും മകന്റെയും മൊഴി. പരമശിവത്തിന്‍റെ തലയ്ക്കും കുമാറിന്‍റെ കഴുത്തിനുമാണ് വെട്ടേറ്റത്. പ്രതികളെ പിടിച്ചു മാറ്റാനെത്തിയ അയല്‍വാസിയായ തമ്പിയാനും ചെറിയ പരുക്കേറ്റു. 

ശാന്തൻപാറ പഞ്ചായത്തിലെ തൊട്ടിക്കാനം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിച്ചെന്നാണ് ആരോപണം.

കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. എന്നാൽ ഇരുകൂട്ടരും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കോൺഗ്രസും വ്യക്തമാക്കി. കോണ്‍ഗ്രസിന് സംഭവത്തില്‍ പങ്കില്ലെന്നും, അക്രമം നടത്തിയ വിമലിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പാണ് സി പി എം ലക്ഷ്യമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി അറിയിച്ചത്. 

വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലിസ് നിഗമനം. സംഭവത്തിനിടെ പരുക്കേറ്റ പ്രതികള്‍ പൊലിസ് നിരീക്ഷണത്തിലാണ്. ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags