നടിയെ ആക്രമിച്ച കേസ്; ചോദ്യംചെയ്യലിനായി കാവ്യ മാധവന് പുതിയ നോട്ടിസ് നൽകും

gf
നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് നോട്ടിസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം. കാവ്യയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. വധഗൂഢാലോചന കേസിലെ പ്രതി ഹാക്കർ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്നിടത്ത് കാവ്യ മാധവൻ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടിസ് നൽകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മുൻപ് രണ്ട് തവണ നോട്ടിസ് നൽകിയിരിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ലെന്ന മറുപടിയും രണ്ടാം തവണ വീട്ടിൽ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയായിരുന്നു കാവ്യ നൽകിയത്.

പ്രതി ഉള്ള സ്ഥലത്ത് വച്ച് സാക്ഷിയുടെ മൊഴി എടുക്കേണ്ടതില്ല എന്ന നിലപാടാകും ക്രൈംബ്രാഞ്ച് ഇനി സ്വീകരിക്കുക. ഇക്കാര്യം വ്യക്തമാക്കിയുള്ള നോട്ടീസ് ഉടൻ കൈമാറും. കാവ്യയുടെ മാതാപിതാക്കളുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.