വ്യാജ അക്കൗണ്ട് വഴി ചാറ്റിംങ്, നഗ്ന ഫോട്ടോ കൈക്കലാക്കി ഭീഷണി; 12 ലക്ഷം രൂപ കവര്‍ന്ന യുവാവ് അറസ്റ്റില്‍

crinimal
 


കോട്ടയം : ഓണ്‍ലൈന്‍ ഹണിട്രാപ് വഴി 12 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാര്‍ ഉച്ചക്കട ശ്രീജഭവന്‍ എസ് വിഷ്ണുവിനെയാണ് (25) സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

യുവതിയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ഇതുവഴി കടുത്തുരുത്തി സ്വദേശിയായ യുവാവുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിന്റെ നഗ്ന ഫോട്ടോ കൈക്കലാക്കുകയും ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ ഇത് കുടുംബത്തിനും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു. 2018 മുതല്‍ പ്രതി പണം തട്ടിയിരുന്നതായി പൊലീസ് പറഞ്ഞു. 

എന്നാല്‍ കഴിഞ്ഞദിവസം 15 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശപ്രകാരം, 20 ലക്ഷം രൂപ നല്‍കാമെന്നു യുവാവ് സമ്മതിച്ചു. പണം വാങ്ങാന്‍ തിരുവനന്തപുരം കിളിമാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമെത്തിയ വിഷ്ണുവിനെ പൊലീസ് പിടികൂടുകയായിരുന്നു.