ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം: അതൃപ്തി അറിയിച്ച് മന്ത്രി ജി.ആര്‍ അനില്‍; വിമര്‍ശനവുമായി മുഖ്യമന്ത്രി

google news
pinarayi
 

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിയമിച്ചത് അറിഞ്ഞില്ലെന്ന മന്ത്രി ജി ആര്‍ അനിലിന്റെ അതൃപ്തിക്ക് പിന്നാലെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യമന്ത്രിയുടെ വിഷയത്തിലുള്ള അതൃപ്തി മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ശ്രീറാം വെങ്കിട്ടരാമനെ തന്നോട് ചോദിക്കാതെ തന്റെ വകുപ്പിൽ സെക്രട്ടറിയായി നിയമിച്ചുവെന്നാണ് മന്ത്രി അനിൽ, മന്ത്രിസഭാ യോഗത്തിൽ പരാതിപ്പെട്ടത്. ഇതിനുള്ള മറുപടിയിലാണ് മന്ത്രിക്കെതിരായ തന്റെ അതൃപ്തി മുഖ്യമന്ത്രി പരസ്യമാക്കിയത്. ശ്രീറാമിന്റെ നിയമനം തന്നെ അറിയിക്കാതെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അനിൽ തനിക്ക് കത്ത് നൽകിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വാർത്ത വന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തി.

മന്ത്രിമാർക്ക് അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രിക്ക് കത്ത് നൽകാമെന്നും മന്ത്രിക്ക് മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ ആ അഭിപ്രായങ്ങളും കത്തും മാധ്യമങ്ങളിൽ വാർത്തയായി വന്നത് ശരിയായില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ വിഷയത്തിൽ കൂടുതൽ ചർച്ച ഉണ്ടായില്ല.

മന്ത്രിസഭാ യോഗത്തില്‍ ചീപ് സെക്രട്ടറിക്ക് വിമര്‍ശനമുയര്‍ന്നു. നിയമനങ്ങള്‍ വകുപ്പ് മന്ത്രിയോട് ആലോചിക്കുന്നില്ലെന്ന് ഭക്ഷ്യമന്ത്രി കുറ്റപ്പെടുത്തി. ശ്രീറാമിനെ നിയമിച്ചത് താന്‍ അറിഞ്ഞിട്ടില്ല. സംശയകരമായ വ്യക്തിത്വമുള്ളവരെ നേരത്തെയും ഭക്ഷ്യവകുപ്പില്‍ നിയമിച്ചെന്നും ജി ആര്‍ അനില്‍ പറഞ്ഞു.

വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. സപ്ളൈകോ ജനറല്‍ മാനേജരായിട്ടായിരുന്നു പുനര്‍ നിയമനം. ഇതിനെതിരെ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ രംഗത്ത് വന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ നടപടിയിലായിരുന്നു മന്ത്രി അതൃപ്തി അറിയിച്ചത്.
 

Tags