സിഎസ്ഐ ആസ്ഥാനത്ത് റെയ്ഡിനിടെ സംഘർഷം; പരിശോധന അവസാനിപ്പിച്ച് ഇഡി സംഘം മടങ്ങി

Clash at CSI head office ED returns after raid
 

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണക്കേസുമായി ബന്ധപ്പെട്ട് സിഎസ്‌ഐ സഭാ ആസ്ഥാനത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന അവസാനിച്ചു. എല്ലാ രേഖകളും ഇഡി പരിശോധിച്ചെന്നും രേഖകളൊന്നും എടുത്തിട്ടില്ലെന്നും സഭാ പ്രതിനിധി പ്രതികരിച്ചു. ഇഡി സംഘം മടങ്ങിയതിന് പിന്നാലെ സ്ഥലത്ത് സംഘർഷം ഉണ്ടായി. ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലായിരുന്നു സംഘർഷം. ബിഷപ്പ് അനുകൂലികൾ ബിഷപ്പിന് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ചു. പ്രതികൂലിക്കുന്നവർ ബിഷപ്പിനെതിരെ കൂകിവിളിച്ചു. 

13 മണിക്കൂറിലധികമാണ് ഇഡി റെയ്ഡ് നടന്നത്.  സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബിഷപ്പ് യുകെയിലേക്ക് പോകുമെന്ന് സഭാ പ്രതിനിധികൾ അറിയിച്ചു. ബിഷപ്പ് ധർമരാജ് റസാലത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിട്ടില്ലെന്നും മറ്റ് രേഖകൾ ആവശ്യപ്പെട്ടിട്ടില്ല. പരാതി കെട്ടിച്ചമച്ചതെന്ന് എൻഫോഴ്സ്മെന്റ് സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും പാസ്റ്ററൽ ബോഡി സെക്രട്ടറി ഫാ ജയരാജ് പ്രതികരിച്ചു.

പരിശോധനയുമായി ബന്ധപ്പെട്ട് ബിഷപ്പിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കൽ കോളേജിലും കോളേജ് ഡയറക്ടറുടെ വീട്ടിലും രാവിലെ മുതലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം പരിശോധന തുടങ്ങിയത്. സഭാ സെക്രട്ടറി പ്രവീൺ ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തും മുമ്പേ തിരുവനന്തപുരം വിട്ടു.