പേരാമ്പ്രയിൽ ബിജെപി യോഗത്തിനിടെ കയ്യാങ്കളി; രണ്ടുപേര്‍ക്ക് പരിക്ക്

sd
 


കോഴിക്കോട്: പേരാമ്പ്രയിൽ ബിജെപി യോഗത്തിനിടെ കയ്യാങ്കളി. പണപ്പിരിവിനെചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. ജില്ലാ നേതാക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു സംഘർഷം. രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജെപി മണ്ഡലം ഭാരവാഹികളായ ശ്രീധരന്‍ മുതുവണ്ണാച്ച, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.  

ചൊവ്വാഴ്ച പേരാമ്പ്ര ആര്യ ടൂറിസ്റ്റ് ഫോമിലായിരുന്നു ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം യോഗം. ബിജെപി പ്രവർത്തകൻ പ്രജീഷിൻറെ പെട്രോൾ പമ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദമാണ് തർക്കത്തിലേക്ക് നീങ്ങിയത്. പെട്രോൾ പമ്പ് നിർമ്മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ബിജെപി നേതാക്കൾ ഒരു ലക്ഷം രൂപ വാങ്ങിയെന്ന് പ്രജീഷ് പറയുന്നു. 


ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി 1.10 ലക്ഷം രൂപ വാങ്ങിയതായും അതിനു ശേഷം 1.5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നുമുളള പമ്പ് ഉടമയുടെ ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പ്രാദേശിക നേതാക്കൾ പണം വാങ്ങുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് നടന്ന യോഗത്തിൽ കൈയ്യാങ്കളിയുണ്ടായത്.