ബിഹാറിൽ മരിച്ച ബാസ്‌കറ്റ്‌ബോൾ താരത്തിന്‍റെ കുടുംബത്തെ കോച്ചിന്‍റെ ആളുകൾ ഭീഷണിപ്പെടുത്തി; പരാതി പിൻവലിക്കാൻ 25ലക്ഷം വാഗ്ദാനം

google news
Death of KC Lithara- family was threatened
 

കോഴിക്കോട്: ബിഹാറില്‍ വെച്ച് മരണപ്പെട്ട ബാസ്‌ക്കറ്റ് ബോള്‍ താരം പാതിരിപ്പറ്റയിലെ കെ.സി ലിതാരയുടെ അമ്മയെ കോച്ച് രവി സിംഗിന്റെ ആളുകൾ ഭീഷണിപ്പെടുത്തിയതായി പരാതി. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 25 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇതോടെ കുടുംബം കുറ്റ്യാടി പൊലീസിൽ പരാതി നൽകി. 

വീട്ടിലെത്തയവര്‍ കൊണ്ടുവന്ന മുദ്രപ്പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും ഒപ്പിടാന്‍ കൂട്ടാക്കാതെവന്നപ്പോള്‍ ബലം പ്രയോഗിച്ച് ഒപ്പിടാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ലളിത ബഹളം വെച്ചതോടെ ഇവർ വീട്ടില്‍നിന്ന് ഓടിപ്പോകുകയായിരുന്നു. ലളിതയുടെ പരാതിയില്‍ കുറ്റ്യാടി പോലീസ് കേസെടുത്തു.
 
 
മലയാളി ബാസ്കറ്റ്ബോൾ താരം കെ.സി.ലിതാരയുടെ ദുരൂഹമരണത്തിൽ ബിഹാർ പൊലീസ് അന്വേഷണം അവസാനിപ്പിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് കുടുംബത്തിനു നേരെയുള്ള ഭീഷണി. കോച്ച് രവിസിംഗിന്റെ ശാരീരിക , മാനസിക പീഡനമാണ് മരണകാരണമെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.

എന്നാൽ അന്വേഷണത്തിൽ ബിഹാർ പൊലീസ് ഇക്കാര്യം പരിഗണിച്ചിട്ടില്ല. കോച്ചിനെ ഇതുവരെ ചോദ്യം ചെയ്തില്ല. സർക്കാർ ഇടപെടൽ തേടി കുടുംബം കായിക മന്ത്രിക്ക് നിവേദനം നൽകും.

ഏപ്രില്‍ 26-നാണ് പട്ന ദാനാപുരിലെ താമസസ്ഥലത്ത് ലിതാരയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോച്ച് രവിസിങ്ങിന്റെ നിരന്തരമായ മാനസികപീഡനമാണ് ലിതാരയുടെ മരണത്തിനിടയാക്കിയതെന്ന് ആന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയും ബിഹാര്‍ പോലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നു. സംഭവം നടന്നിട്ട് നാലു മാസമായിട്ടും ആരേയും അറസ്റ്റ് ചെയ്യാത്തതില്‍ ഏറെ നിരാശരാണ് കുടുംബം. മരണ സര്‍ട്ടിഫിക്കറ്റ് പോലും കിട്ടിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

മരണം നടന്ന ദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. ആ സമയം ആരോപണ വിധേയനായ കോച്ച് രവിസിംഗ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവൻ രാജീവിന്റെ പരാതിയിൽ രവി സിംഗിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.  
 
സംഭവത്തില്‍ പട്ന രാജീവ്നഗര്‍ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.

Tags