സാമ്പത്തിക സംവരണത്തിന് കോണ്‍ഗ്രസ് എതിരല്ല: വി ഡി സതീശൻ

satheeshan
 


കോട്ടയം: സാമ്പത്തിക സംവരണത്തിന് കോണ്‍ഗ്രസ് എതിരല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നിലവില്‍ സാമുദായിക സംവരണം ലഭിക്കുന്നവര്‍ക്ക് ഒരു ദോഷവും ഉണ്ടാകാത്ത തരത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.  

കോര്‍പറേഷനിലെ 295 ഒഴിവുകളിലേക്ക് ആളെ നല്‍കണമെന്നാവശ്യപ്പെട്ട് മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയത് ചെറുപ്പക്കാരെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്. മേയറെ പാവയാക്കി കോര്‍പറേഷനില്‍ സി.പി.എം. ആണ് എല്ലാം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രമല്ല സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്.

പിന്‍വാതില്‍ നിയമനം കിട്ടിയവര്‍ പുറത്താകാതിരിക്കാനാണ് വകുപ്പുതലവന്‍മാര്‍ പി.എസ്.സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തത്. ഇപ്പോള്‍ കത്ത് കൊടുത്തയാളും വാങ്ങിയ ആളുമില്ല. കത്ത് എവിടെ നിന്നാണെന്ന് പോലും അറിയില്ലെന്ന് പറയുന്ന മേയറും സി.പി.എമ്മും ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുകയാണ്. എന്താണ് നടന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമെന്നും സതീശൻ പ്രതികരിച്ചു.