ഇടുക്കി ജില്ലയിൽ രാത്രി 7 മുതൽ രാവിലെ 6 വരെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിരോധനം

idukki
 

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിൽ രാത്രി 7 മുതൽ രാവിലെ 6 വരെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിരോധനം. ഖനന പ്രവർത്തനങ്ങൾക്കും ട്രക്കിങ്ങിനും ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി.
 

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയോടെ സംസ്ഥാനത്ത് അതി തീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 

അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി നാല് ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ടുമായിരിക്കും. കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ  സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസളിൽ മഴ കനക്കാനും സാധ്യതയുണ്ട്.