ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന്‍റെ അറസ്റ്റ് കോടതി 30 വരെ തടഞ്ഞു

ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന്‍റെ അറസ്റ്റ് കോടതി 30 വരെ തടഞ്ഞു
 

കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഈ മാസം 30 വരെ തടഞ്ഞു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണ കുമാറാണ് മുപ്പതിന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടത്. 

യുവ എഴുത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്.

കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

ഏപ്രില്‍ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈ.എസ്.പി.ക്കാണ് അന്വേഷണ ചുമതല.