നിയമന കത്ത് വിവാദം: മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്ന് എഫ്ഐആര്‍; ക്രൈംബ്രാഞ്ച് കേസെടുത്തു

google news
arya
 

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശ കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. മേയറുടെ പരാതിയില്‍ വ്യാജ രേഖ ചമയ്ക്കല്‍ പ്രകാരം ഇന്ത്യൻ ശിക്ഷാനിയമം 465, 466, 469 വകുപ്പുകളാണ് ചുമത്തിയത്. മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്നു എഫ്ഐആറില്‍ പറയുന്നു. 

നഗരസഭയിലെ ആരോഗ്യവിഭാഗത്തിലേക്ക് 295 പേരുടെ താൽക്കാലിക  നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ വിവാദ കത്തിലാണ് അന്വേഷണം. 

പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് ആര്യ രാജേന്ദ്രന്‍റെ മൊഴി. കത്ത് വ്യാജമാണെന്ന് ഉറപ്പിക്കാൻ ഒറിജിനൽ കണ്ടെത്തണമെന്നാണ്  അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. സ്ക്രീന്‍ ഷോട്ട് മാത്രമാണ് പ്രാഥമികാന്വേഷണം നടത്തിയ സംഘത്തിന് കിട്ടിയത്. ആരാണ് കത്ത്  തയ്യാറാക്കിയതെന്ന് കണ്ടെത്താൻ  ക്രൈംബ്രാഞ്ചിനോ പൊലീസിനോ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന്  ക്രൈംബ്രാഞ്ചിന് ശുപാര്‍ശ അംഗീകരിച്ച് ഡിജിപി ഉത്തരവിറക്കിയത്. 

യഥാർത്ഥ കത്ത് നശിപ്പിച്ച സാഹചര്യത്തിൽ അത് ആര് തയ്യാറാക്കിയെന്ന് കണ്ടെത്തിയാലേ തെളിവ് നശിപ്പിച്ചതും ഗൂഡാലോചനയും ഉള്‍പ്പടെയുള്ള അന്വേഷണത്തിലേക്ക് ക്രൈംബ്രാഞ്ചിന് നീങ്ങാനാകു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ആരോപണ വിധേയനായ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലും  പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് നേരിട്ട് മൊഴി നൽകിയിരുന്നില്ല. 
 

അതേസമയം, കത്ത് വിവാദത്തിൽ നഗരസഭയിൽ ഇന്നും സംഘർഷമുണ്ടായി. പ്രതിഷേധവുമായി ബിജെപി കൌൺസിലർമാരും പ്രവർത്തകരും എത്തിയതോടെ നഗരസഭയിൽ വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു. മേയർ ഡയസിലേക്ക് വരുന്നത് തടയാൻ ബിജെപി കൌൺസിലർമാർ നിലത്ത് കിടന്നാണ് പ്രതിഷേധിച്ചത്. ഡയസിൽ മേയർ സംസാരിക്കുന്നതിനിടെ മുദ്രാവാക്യവും ബാനറുകളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇതോടെ കൌൺസിൽ യോഗം സംഘർഷത്തിലെത്തി. ഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച വനിതാ കൌൺസിലർമാരെ വനിതാ പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഗോ ബാക്ക് വിളികളുമായാണ് പ്രതിപക്ഷ പ്രതിഷേധം. നാല് കൌൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി. 

Tags