ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകി പാഠ്യപദ്ധതി പരിഷ്‌കരിക്കും: മന്ത്രി വി ശിവൻകുട്ടി

v sivankutty
 

കൊച്ചി: ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവവും വൊക്കേഷണല്‍ എക്സ്പോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.


 
ശാസ്ത്രം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ശാസ്ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണം. അന്ധവിശ്വാസങ്ങളില്‍ നിന്നും തെറ്റായ പ്രവണതകളില്‍ നിന്നും ശാസ്ത്ര അവബോധം നമ്മെ പിന്തിരിപ്പിക്കും. ശാസ്ത്ര മേളയിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക അവധിക്കാല ക്യാംപ് സംഘടിപ്പിക്കുമെന്നും ശാസ്ത്ര അഭിരുചിയും താത്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളുകളില്‍ മികച്ച സൗകര്യമൊരുക്കുന്ന ഉദ്യമം ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങുകയാണ്. അക്കാദമിക് നിലവാരത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് അടുത്ത ഘട്ടം. കുട്ടികളുടെ അഭിരുചി കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുംവിധമായിരിക്കണം വരുംനാളുകളിലെ പഠനരീതി. താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കി അവരെ പാകപ്പെടുത്തി വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ടൗണ്‍ഹാളില്‍ നടന്ന വിപുലമായ ചടങ്ങിലാണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിനും വൊക്കേഷണല്‍ എക്സ്പോയ്ക്കും തുടക്കമായത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു.  

ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ വിനോദ്, കെ.ബാബു, റോജി എം.ജോണ്‍ എന്നിവര്‍ പങ്കെടുത്തു. പ്രധാന വേദിയായ എറണാകുളം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു പതാക ഉയര്‍ത്തി. മൂന്നു ദിവസങ്ങളിലായി ആറു വേദികളില്‍ നടക്കുന്ന ശാസ്ത്ര മേളയില്‍ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങള്‍.