പ്രധാനമന്ത്രിയ്ക്ക് എതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും

modii
 

തിരുവനന്തപുരം: ഗുജറാത്ത് കലാപം പ്രമേയമാക്കിയ ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും. സത്യം എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുമെന്നും ഡോക്യുമെന്റിയില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ഒന്നുമില്ലെന്നും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെ രാജ്യ വിരുദ്ധപ്രവര്‍ത്തനമായി കാണേണ്ടതില്ലെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. തിരുവനന്തപുരത്ത് പൂജപ്പുരയില്‍ വൈകീട്ട് ആറ് മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. 

അതേസമയം, കേരളത്തിലങ്ങോളമിങ്ങോളമായി വിവിധയിടങ്ങളില്‍ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐയും വ്യക്തമാക്കി. വൈകിട്ട് 6.30ന് കാലടി സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഇന്ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും ഡോക്യുമെന്ററി പ്രദര്‍ശനമുണ്ടാവും. ജനുവരി 27ന് ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചു. 

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019ലെ തെരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്ന് സൂചനയുണ്ട്. അതേസമയം, ഗുജറാത്ത് കലാപം പ്രമേയമാക്കിയ ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി ജെ.എന്‍.യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ക്യാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്ററി പ്രദര്‍ശനം തടസ്സമാകുമെന്നും പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കി.

ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. നേരത്ത ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയാണ് പ്രദര്‍ശനമൊരുക്കിയത്. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കാണാന്‍ എത്തിയിരുന്നു.