ഡിവൈഎസ്പിയുടെ കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവം: അപകടകാരണം അമിതവേഗം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

DYSP car accident Thakazhi road CCTV footage
 

ആലപ്പുഴ: തകഴിയില്‍ ഡിവൈഎസ്പിയുടെ കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ സാബു ഓടിച്ച കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ പാണ്ടിയപ്പള്ളി സ്വദേശി എം. ഉണ്ണിയാണ് ഇന്നലെ മരിച്ചത്. 

സംസ്ഥാനപാതയിൽ തകഴി റെയിൽ ക്രോസിനു സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാർ ഉണ്ണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഡിവൈഎസ്പിക്കെതിരെ അമ്പലപ്പുഴ പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.  

 
തിരുവല്ല ഭാഗത്തേക്കു പോകുകയായിരുന്ന ഡിവൈഎസ്പിയുടെ കാർ ലവൽ ക്രോസ് ഇറങ്ങിയതോടെ നിയന്ത്രണംവിട്ട് റോഡരികിലെ കൈവരിയിലും പിന്നീട് എതിരെ വന്ന സൈക്കിളിലും ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഉണ്ണിയുടെ തലയ്ക്കാണു പരുക്കേറ്റത്. ഡിവൈഎസ്പി നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസ് വിളിച്ചുവരുത്തി ഉണ്ണിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.