നയനയുടെ മരണം; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, കുടുംബം മുഖ്യമന്ത്രിയെ കണ്ടു

nayana surya
 

തിരുവനന്തപുരം : യുവ സംവിധായക നയന സൂര്യയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

രാവിലെ പതിനൊന്ന് മണിയോടെയാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തരാണെന്നും അന്വേഷണം ശരിയായ ദിശയില്‍ അല്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം, അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. 

ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വകുപ്പുതല പരിശോധനയിലെ കണ്ടെത്തല്‍. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ലെന്നും മുറി അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തില്‍ കൃത്യയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 ഫെബ്രുവരി 24നാണ് യുവ സംവിധായകയെ തിരുവനന്തപുരത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ അടിവയറ്റില്‍ ക്ഷതമേറ്റ പാടുണ്ടെന്നും കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറിയത്. ഇതേ തുടര്‍ന്ന് നയനയുടെ സുഹൃത്തുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിരുന്നു.