നയനയുടെ മരണം; കാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ക്രൈംബ്രാഞ്ച്

nayana surya
 


തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണ കാരണം കണ്ടെത്താനായി മെഡിക്കല്‍ബോര്‍ഡ് രൂപീകരിക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് സര്‍ക്കാരിന് കത്തുനല്‍കും. മെഡിക്കല്‍ ബോര്‍ഡ് സംഘത്തില്‍ ദേശീയ രംഗത്തെ വിദഗ്ദ്ധരെക്കൂടി ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടും. അതേസമയം, കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വകുപ്പുതല പരിശോധനയിലെ കണ്ടെത്തല്‍. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ലെന്നും മുറി അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തില്‍ കൃത്യയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2019 ഫെബ്രുവരി 24നാണ് യുവ സംവിധായകയെ തിരുവനന്തപുരത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ അടിവയറ്റില്‍ ക്ഷതമേറ്റ പാടുണ്ടെന്നും കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറിയത്. ഇതേ തുടര്‍ന്ന് നയനയുടെ സുഹൃത്തുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിരുന്നു.