നയനസൂര്യയുടെ മരണം; സത്യം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച്, അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും

nayana surya
 

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കേസ് അന്വേഷിക്കാനുള്ള ക്രൈം ബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും. തിരുവനന്തപുരം യൂണിറ്റ് എസ്പി മധുസൂദനന്റെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചു വെന്നാണ് വകുപ്പുതല പരിശോധനയിലെ കണ്ടെത്തല്‍. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ലെന്നും മുറി അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തില്‍ കൃത്യയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


2019 ഫെബ്രുവരി 24നാണ് യുവ സംവിധായകയെ തിരുവനന്തപുരത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ അടിവയറ്റില്‍ ക്ഷതമേറ്റ പാടുണ്ടെന്നും കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറിയത്. ഇതേ തുടര്‍ന്ന് നയനയുടെ സുഹൃത്തുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതുവരെയുള്ള അന്വേഷണം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ അസി.കമ്മീഷണറെ ചുമതലപ്പെടുത്തുകയായിരുന്നു.

അതേസമയം, മതിയായ ശാസ്ത്രീയ തെളിവുകള്‍ പോലും ശേഖരിക്കാത്ത കേസില്‍ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം സത്യാവസ്ഥ പുറത്തു കൊണ്ടുവരുകയെന്നത് ക്രൈം ബ്രാഞ്ചിന് വെല്ലുവിളിയാണ്.