യുവ സംവിധായകയുടെ മരണം: അസി. കമ്മീഷണര്‍ ഇന്ന് കേസ് ഫയലുകള്‍ പരിശോധിക്കും

nayana surya
 

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണത്തിലെ തുടരന്വേഷണത്തിന്റെ ഭാഗമായി അസി. കമ്മീഷണര്‍ ഇന്ന് കേസ് ഫയലുകള്‍ പരിശോധിക്കും. ഡിസിആര്‍ബി അസി.കമ്മീഷണര്‍ ദിനിലാണ് ഫയലുകള്‍ പരിശോധിക്കുക. മ്യൂസിയം പൊലീസാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത്. എന്നാല്‍ നയനയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നുള്ള നിഗമനത്തിലാണ് മ്യൂസിയം പൊലീസ് എത്തിയത്.  

2019 ഫെബ്രുവരി 24 നാണ് യുവ സംവിധായകയെ തിരുവനന്തപുരത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ അടിവയറ്റില്‍ ക്ഷതമേറ്റ പാടുണ്ടെന്നും കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറിയത്. ഇതേ തുടര്‍ന്ന് നയനയുടെ സുഹൃത്തുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുവരെയുള്ള അന്വേഷണം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ അസി.കമ്മീഷണറെ  ചുമതലപ്പെടുത്തിയത്.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹ സംവിധായകയായിരുന്നു നയന സൂര്യ. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.