പരിതാപകരം, കാര്യവട്ടത്തെ ഒഴിഞ്ഞ ഗാലറിക്ക് കാരണം കായിക മന്ത്രിയുടെ പരാമര്‍ശം; പന്ന്യന്‍ രവീന്ദ്രന്‍

panniyan raveendran
 

തിരുവനന്തപുരം: 'പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട' എന്ന കായിക മന്ത്രി അബ്ദുറഹ്‌മാന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഒഴിഞ്ഞ ഗ്യാലറിയ്ക്ക് കാരണം മന്ത്രിയുടെ പരാമര്‍ശമാണെന്ന് പന്ന്യന്‍ കുറ്റപ്പെടുത്തി. 

'പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട'' 'എന്ന പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു. നാല്‍പതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതില്‍ വന്ന നഷ്ടം കെസിഎക്ക് മാത്രമല്ല, സര്‍ക്കാറിന് കൂടിയാണെന്ന് പരാമര്‍ശക്കാര്‍ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റര്‍നാഷനല്‍ മത്സരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണെന്നും പന്ന്യന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വീരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കീക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകൾ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്.

ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മൽസരങ്ങൾ നേരിൽകാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരിച്ചടിയാകും. കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്തിതിക്ക് കാരണമായിട്ടുണ്ട്.

കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്. വിവാദങൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. "പട്ടിണി കിടക്കുന്നവർ കളികാണേണ്ട"" "എന്ന പരാമർശം . വരുത്തിവെച്ച വിന ഇന്നലെ നേരിൽകണ്ടു.

നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങിയതിൽ വന്ന നഷ്ടം കെ സി എ ക്ക് മാത്രമല്ല, സർക്കാറിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റർ നാഷനൽ മൽസരങൾ നഷ്ടപ്പെട്ടാൽ നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാരിനുമാണ്.

അതേസമയം, പ്രതിപക്ഷനേതാവ് വിഡി സതീശനും കായികമന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രസ്താവനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടയെന്ന കായികമന്ത്രിയുടെ പരാമര്‍ശമാണ് കാര്യവട്ടത്തെ ഒഴിഞ്ഞ ഗാലറിക്ക് കാരണമെന്നും ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും സതീശന്‍ പറഞ്ഞു.