ചെറായിയിലെ വഖഫ് ഭൂമിയിലെ താമസക്കാരിൽ നിന്ന് നികുതി സ്വീകരിക്കരുത്; സ്‌റ്റേ ഉത്തരവുമായി ഹൈക്കോടതി

ചെറായിയിലെ വഖഫ് ഭൂമി
 

കൊച്ചി: എറണാകുളം ചെറായിയിലെ വഖ്ഫ് ഭൂമിയിലെ താമസക്കാരില്‍ നിന്ന് നികുതി സ്വീകരിക്കുന്നത് വിലക്കി ഹൈക്കോടതി. ഒരു മാസത്തേക്കാണ് നികുതി സ്വീകരിക്കുന്നത് സ്‌റ്റേ ചെയ്തത്.

ഫാറൂഖ് കോളജിന്റെ ഉടമസ്ഥതയിലുള്ളതാണ് ചെറായിയിലെ വഖ്ഫ് ഭൂമി. 1950ൽ ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ മുഹമ്മദ് സാദിഖ് സേട്ടാണ് ചെറായി ബീച്ചിലെ 404.76 ഏക്കർ ഭൂമി ഫാറൂഖ് കോളജിന് വഖഫ് ചെയ്തത്. മത, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായായിരുന്നു ഭൂമി കോളജിനായി വഖഫ് ചെയ്തത്.

എന്നാൽ, ഈ ഭൂമി കൈയേറി കൈവശംവച്ചവരിൽനിന്ന് നികുതി അടക്കാൻ റവന്യു ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. ഇതിനെതിരെ വഖഫ് ബോർഡ് അംഗങ്ങളായ എം.സി മായിൻ ഹാജി, അഡ്വ. പി.വി സൈനുദ്ദീൻ, പി. ഉബൈദുല്ല എം.എൽ.എ തുടങ്ങിയവർ പരാതിയുമായി രംഗത്തെത്തിയിരുന്നു. 2019 മേയ് 20ന് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ചെയർമാനായ വഖഫ് ബോർഡ് തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ച ഭൂമിയിലാണ് കൈയേറ്റക്കാർക്ക് നികുതി അടക്കാൻ അനുവാദം നൽകിയതെന്നാണ് വിമർശനം ഉയർന്നത്.