രാഷ്ട്രീയം പറഞ്ഞു വഴക്കടിക്കുന്ന മനുഷ്യരേക്കാൾ ഏറ്റവും നല്ലത് അങ്ങോട്ടുമിങ്ങോട്ടും ഒന്നും പറയാതെ സ്നേഹിക്കുന്ന നായകൾ ;തെരുവുനായ വിഷയത്തിൽ അഭിപ്രായവുമായി അൽഫോൻസ് കണ്ണന്താനം

kannathanaam
 

രാഷ്ട്രീയം പറഞ്ഞു വഴക്കടിക്കുന്ന മനുഷ്യരേക്കാൾ ഏറ്റവും നല്ലത് അങ്ങോട്ടുമിങ്ങോട്ടും ഒന്നും പറയാതെ സ്നേഹിക്കുന്ന നായകളാണെന്നു  മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം.തെരുവ് നായ ശല്യം എങ്ങനെ അവസാനിപ്പിക്കാമെന്ന കാര്യത്തിൽ ആണ് കണ്ണന്താനം അഭിപ്രായം പറഞ്ഞത്.  തെരുവ് നായ പരിപാലനവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിനോട് സംസാരിക്കവേയാണ് നായകളെ സ്നേഹിക്കാൻ അദ്ദേഹം ആഹ്വാനം നൽകിയത്. മനുഷ്യർ ദേഷ്യം പിടിപ്പിക്കുന്നതുകൊണ്ടും പേടിപ്പിക്കുന്നതു മൂലവുമാണ് തെരുവ് നായകൾ അക്രമാസക്തരാകുന്നതെന്നും അവയെ സ്നേഹിച്ചാൽ അവയും തിരിച്ചു സ്നേഹിക്കുമെന്നുമാണ്  കണ്ണന്താനം പറയുന്നത്. 

തെരുവ് നായകൾ മാത്രമല്ല ഒരു നായയും സന്തോഷം വരുമ്പോൾ ആരേയും കടിക്കാറില്ല. അവർക്ക് ദേഷ്യം വരുമ്പോഴാണ് അക്രമാസക്തരാകുന്നത്. നായകൾക്ക് ദേഷ്യം വരുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന് നാം അവരെ ആക്രമിക്കുമ്പോൾ. രണ്ടാമത്തേത് വിശക്കുമ്പോൾ. നായകൾക്ക് ദേഷ്യം വരാതെ നോക്കിയാൽ അവരെക്കൊണ്ട് യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നും അൽഫോൺസ് കണ്ണന്താനം ചൂണ്ടിക്കാട്ടുന്നു. നായകൾക്ക് കൃത്യസമയത്ത് ഭക്ഷണം നൽകാൻ ശ്രമിച്ചാൽ തെരുവുനായ ആക്രമണം നമുക്ക് ഒഴിവാക്കാം. 

ഓരോ വീടിനു മുന്നിലും ഓരോ ചെറിയ പാത്രം സ്ഥാപിക്കണം. വലിയ പാത്രമൊന്നും വേണ്ട. ഒരു ചെറിയ പാത്രം മതി. അതിൽ കൊള്ളുന്ന ഭക്ഷണം മാത്രമേ നായകൾ കഴിക്കുകയുള്ളു. ഭക്ഷണം ആ പാത്രത്തിൽ ദിവസവും നൽകിയാൽ അവർ മനുഷ്യരെ ആക്രമിക്കുന്നത് അവസാനിപ്പിക്കും. അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് താനിത് പറയുന്നത്.

തന്റെ  ദില്ലിയിലെ വീട്ടിൽ നിരവധി തെരുവ് നായകളെയാണ് സംരക്ഷിക്കുന്നത്. ഇവയോടൊപ്പം വൈകുന്നേരം ഒരു മണിക്കൂർ ചിലവിടുന്നത് തൻ്റെ ശീലമാണെന്നും അൽഫോൻസ് കണ്ണന്താനം പറയുന്നു. തന്നോടൊപ്പം ചിലവിടുന്നത് അവർക്കും സന്തോഷമുള്ള കാര്യമാണ്. തന്നെ കണ്ടില്ലെങ്കിൽ നായകൾക്ക് ഭയങ്കര വിഷമമാണ്. അതുപോലെ നായകളെ കണ്ടില്ലെങ്കിൽ തനിക്കും വളരെയധികം വിഷമം വരുമെന്നും കണ്ണന്താനം പറയുന്നു. തിരക്കുകൾ കഴിഞ്ഞ് നായകനോടൊപ്പം കൂട്ടുകൂടാൻ താൻ സമയം കണ്ടെത്താറുണ്ടെന്നാണ് കണ്ണന്താനം പറയുന്നു.