'റിസോര്‍ട്ടില്‍ നിക്ഷേപമില്ല, ഭാര്യക്കും മകനുമുണ്ട്, അനധികൃതമല്ല'; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ഇ.പി ജയരാജന്‍

ep jayarajan
 

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന വിവാദത്തിൽ പാർട്ടിക്ക് വിശദീകരണം നൽകി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ. വൈദേകം റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് ഇ.പി വിശദീകരിച്ചു.  സിപിഐഎം സംസ്ഥാന കമ്മിറ്റിക്കാണ് ഇ.പി ജയരാജൻ വിശദീകരണം നൽകിയത്.

ഭാര്യക്കും മകനും നിക്ഷേപമുണ്ട്. എന്നാലത് അനധികൃതമല്ല. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിയില്ലാത്തതിനാല്‍ ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല. 12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്‍റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഇ പി വിശദീകരിച്ചു. അടുത്ത സംസ്ഥാന സമിതിയിൽ ഇ പി ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കും. തുടര്‍ ചര്‍ച്ചയും സംസ്ഥാന സമിതിയിലാണ് നടക്കുക.

 
അതേസമയം വിവാദത്തിൽ പാർട്ടിതല അന്വേഷണം വേണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. ചര്‍ച്ചയ്ക്ക് ശേഷം വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇ പി ജയരാജന്‍ പ്രതികരിച്ചില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹാപ്പി ന്യൂഇയര്‍ എന്നുമാത്രം ഇ പി ജയരാജന്‍ പറഞ്ഞു.


വലിയ വിമര്‍ശനങ്ങളാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. തത്ക്കാലം വിവാദ വിഷയത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടാണ് യോഗം സ്വീകരിച്ചത്. വിവരശേഖരണം നടത്തി വിവരങ്ങള്‍ പഠിച്ച ശേഷം അന്വേഷണത്തിലേക്ക് പോയാല്‍ മതി. എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും ആയ ഇ.പിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന നടപടി ഇപ്പോള്‍ വേണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.