75ആം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ പരിപാടികൾ നടത്തുമെന്ന് ഇപി ജയരാജൻ

13
75ആം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ പരിപാടികൾ നടത്തുമെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. ഓഗസ്റ്റ് 11 മുതൽ 14 വരെ സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. 15ന് കേരളം മുഴുവൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. “സ്വാതന്ത്ര്യ ദിനത്തിൻ്റെ 75ആം വാർഷികത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വലിയ ആഘോഷ പരിപാടിക്ക് രൂപം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇടതുപക്ഷ മുന്നണിയുടെ ജില്ലയിലെ നേതാക്കളെല്ലാം ആ പരിപാടിയിൽ സജീവ സാന്നിധ്യമാവും. അവിടെയും ഒരു സ്വാതന്ത്ര്യ ദിന പ്രതിജ്ഞയെടുക്കും. അതിനനുസരിച്ചുള്ള വിപുലമായ ആഘോഷ പരിപാടികളും നാട്ടിലെല്ലാം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായിട്ട് തന്നെ ഓഗസ്റ്റ് 11ന് കോഴഞ്ചേരി, 12ന് വൈക്കം, 13ന് പയ്യന്നൂർ, 14ന് കോഴിക്കോട് എന്നിവിടങ്ങളിൽ പതാക ഉയർത്തി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. 15ന് കേരളം മുഴുവൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കും.”- ഇപി ജയരാജൻ പറഞ്ഞു.