ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളി എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം; ഇടക്കാല ഉത്തരവ് നീട്ടി

ELDHOSE
 

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി വ്യാഴാഴ്ച വരെ നീട്ടി. ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിയതിനെ തുടർന്നാണ് ഇടക്കാല ഉത്തരവും നീട്ടിയത്.  

എംഎൽഎയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നുമടക്കം ചൂണ്ടിക്കാട്ടി എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. 

രാവിലെ 9 മണിമുതൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എത്തനാണ് കോടതി നിർദ്ദേശം. കേസ് അന്വേഷണവുമായി എൽദോസ് കുന്നപ്പിള്ളിൽ സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 

ബലാത്സംഗക്കേസിലെ പരാതികാരിയെ മർദിച്ചെന്ന കേസിലും എൽദോസ് കുന്നപ്പിള്ളിക്ക്  മുൻ‌കൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.  അഭിഭാഷകൻറെ ഓഫീസിൽ വെച്ച് മർദ്ദിച്ചുവെന്ന കേസിൽ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം,  ഈ മാസം 10 നും 11 നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രാജ്യമോ, സംസ്ഥാനമോ വിട്ടു പോകരുത് എന്നിവയാണ് ഉപാധികൾ.