എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല;പ്രിയ വർഗീസിന് കോടതി വിമർശനം

priya
 കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദക്കേസില്‍ പ്രിയ വര്‍ഗീസിനെതിരെ ഹൈക്കോടതി വിമർശനം. കഴിഞ്ഞ ദിവസം എന്‍എസ്എസിലെ പ്രവര്‍ത്തനം സംബന്ധിച്ച കോടതി പരാമര്‍ശത്തിനെതിരെ പ്രിയ വര്‍ഗീസിട്ട ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനം.

കുഴിവെട്ട് എന്ന കാര്യം പറഞ്ഞതായി ഓര്‍ക്കുന്നില്ല. എന്‍എസ്എസിന്റെ ഭാഗമായി ചെയ്തതൊക്കെ അധ്യാപന പരിചയമാണോയെന്ന് മാത്രമാണ് കോടതി നോക്കിയതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.കക്ഷികള്‍ കോടതിയെ ശത്രുവായി കാണേണ്ടതില്ല. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ട്. കോടതിയുടെ വാക്കുകള്‍ അടര്‍ത്തിയെടുത്താണ് വാര്‍ത്തകള്‍ നല്‍കുന്നത്. കോടതിയില്‍ സംഭവിച്ചത് അവിടെ അവസാനിക്കണം. അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന പരിചയത്തിന്റെ ഭാഗമല്ല. എന്‍എസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല. അധ്യാപന പരിചയം എന്നാല്‍ അധ്യാപനം തന്നെയാകണമെന്നും കോടതി പറഞ്ഞു.

ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു. സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും ചോദ്യമുയര്‍ന്നു. ഡെപ്യൂട്ടേഷന്‍ കാലാവധി അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന യുജിസി നിലപാട് ശരിവെക്കുന്നതായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തലുകൾ.