ജീവന് ഭീക്ഷണി; സുരക്ഷ വേണമെന്നുമാവശ്യപ്പെട്ട് അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

adani
 

തൊഴിലാളികളുടെ ജീവന് ഭീഷണിയാണ് വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമെന്നും പോലീസ് സുരക്ഷ വേണമെന്നുമാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിര്‍മാണപ്രവര്‍ത്തനം തുടരാന്‍ പോലീസ് സുരക്ഷ വേണം. കേന്ദ്രസേനയുടെ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാറിനും നിര്‍ദേശം നല്‍കണമെന്നും അദാനി ഗ്രൂപ്പും ഹോവെ എഞ്ചിനിയറിംഗും ആവശ്യപ്പെടുന്നു.

2015ല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനം അന്തിമഘട്ടതിലാണ്. സമരം തുടര്‍ന്നാല്‍ പദ്ധതി ഇനിയും വൈകും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പൊലീസിന്റെയും കേന്ദ്രസേനയുടെയും സുരക്ഷ ആവശ്യമാണെന്നാണ് ഇരുഹര്‍ജികളിലും വാദിക്കുന്നത്.  ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിക്കുക. സമരത്തിനിടെ നൂറ് കണക്കിന് സമരക്കാര്‍ പദ്ധതി പ്രദേശത്തെ അതീവ സുരക്ഷ മേഖലയിലേക്ക് ഇരച്ച് കയറി. ഇത് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ പോലീസ് നിഷ്‌ക്രിയരായി നോക്കി നിന്നെന്നും ഹര്‍ജിയില്‍ അദാനിഗ്രൂപ്പ് വ്യക്തമാക്കുന്നു. 


അതേസമയം സമരം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. തുമ്പ, സെന്റ് ഡൊമനിക് വെട്ടുകാട്, പള്ളിത്തുറ, കൊച്ചുതുറ ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് സമരത്തിനെത്തുക. ഉപരോധത്തിനൊപ്പം റാലിയും സംഘടിപ്പിക്കാനാണ് തീരുമാനം.